11:56pm 09 November 2026
NEWS
എഴുത്തിലെ പെൺമുദ്രകൾ വായനയുടെ പുതിയ സംവാദങ്ങൾക്ക് വഴിതുറക്കുന്നു
10/07/2026  12:31 PM IST
nila
എഴുത്തിലെ പെൺമുദ്രകൾ വായനയുടെ പുതിയ സംവാദങ്ങൾക്ക് വഴിതുറക്കുന്നു

 

ദോഹ: സ്ത്രീജീവിതത്തിന്റെ അനുഭവങ്ങളും പ്രതിരോധങ്ങളും സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത മാനങ്ങളും സാഹിത്യത്തിലൂടെ ചർച്ച ചെയ്യാൻ ലക്ഷ്യമിട്ട് അടയാളം ഖത്തർ സംഘടിപ്പിക്കുന്ന 'The Wings Unclipped – എഴുത്തിലെ പെൺമുദ്രകൾ' എന്ന വായനാ-സംവാദ പരിപാടി ജൂലൈ 10-ന് വൈകിട്ട് 6.30-ന് ദോഹയിലെ ICC Mumbai Hall-ൽ നടക്കും.
സ്ത്രീ എഴുത്തുകാരുടെ കൃതികൾ സമൂഹത്തെയും രാഷ്ട്രീയത്തെയും വ്യക്തിജീവിതത്തെയും എങ്ങനെ പുതുവായനയ്ക്ക് വിധേയമാക്കുന്നുവെന്ന അന്വേഷണമാണ് പരിപാടിയുടെ പ്രമേയം. ലോകസാഹിത്യത്തിലും മലയാളസാഹിത്യത്തിലും ശ്രദ്ധേയമായ മൂന്ന് കൃതികളെ ആസ്പദമാക്കി സംവാദങ്ങൾ നടക്കും.
ഇന്ത്യൻ സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ അരുന്ധതി റോയിയുടെ Mother Mary Comes to Me എന്ന കൃതിയെക്കുറിച്ച് ഷീന ഹിഷാം അവതരണം നടത്തും. സ്ത്രീസ്വാതന്ത്ര്യചിന്തയുടെ ചരിത്രപരമായ രേഖയായി വിലയിരുത്തപ്പെടുന്ന വർജീനിയ വൂൾഫിന്റെ A Room of One's Own എന്ന കൃതിയെ ചിത്ര ശിവൻ പരിചയപ്പെടുത്തും. സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയമായ കൃതിയായ ഹരിത ആർ ന്റെ നീലപ്പരുന്ത് നോവലിനെക്കുറിച്ച് ഹുസൈൻ വാണിമേൽ സംസാരിക്കും.
വായനയെ കേവലം പുസ്തകപരിചയത്തിൽ ഒതുക്കാതെ, സാമൂഹിക യാഥാർഥ്യങ്ങളെയും സ്ത്രീ അനുഭവങ്ങളെയും വിമർശനാത്മകമായി സമീപിക്കുന്ന സംവാദവേദിയാക്കി മാറ്റുകയാണ് പരിപാടിയിലൂടെ അടയാളം ഖത്തർ ലക്ഷ്യമിടുന്നത്. സാഹിത്യത്തിലും സാമൂഹിക ചിന്തയിലും താൽപര്യമുള്ള മുഴുവൻ ആളുകളെയും സംഘാടകർ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img